Thursday, May 24

ഇതിഹാസനായികക്കുള്ള യഥാർത്ഥ സമർപ്പണം | മഹാനടി റീവ്യൂ

Google+ Pinterest LinkedIn Tumblr +

അഭിനയ ജീവിതത്തിലുടനീളം തനിക്കു ലഭിച്ച വേഷങ്ങളിൽ മികച്ച അഭിനയ മുഹൂർത്തങ്ങൾ സമ്മാനിച്ച ദുൽഖറിൻറെയും മലയാളത്തിന്റെയും തമിഴിലെയും ഏറെ പ്രിയങ്കരിയും താരപുത്രിയുമായ കീർത്തി സുരേഷും ഒരുമിച്ച ചിത്രമാണ് മഹാനടി. എല്ലാ താരങ്ങളെ സംബന്ധിച്ചും ഏറെ പ്രയാസമേറിയതും വെല്ലുവിളി നിറഞ്ഞതുമായ ഒരു കാര്യമാണ് ബയോപിക് സിനിമകളിൽ അഭിനയിക്കുക എന്നത്. തെലുങ്ക് സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രിയായിരുന്ന സാവിത്രിയുടെ സിനിമ-വ്യക്തിജീവിതം എന്നിവ ഉൾകൊള്ളിച്ചുകൊണ്ട് കീർത്തി സുരേഷ്, ദുൽഖർ സൽമാൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നാഗ് അശ്വിൻ വൈജയന്തി മൂവീസിന്റെ ബാനറിൽ സംവിധാനം നിർവഹിച്ച ചിത്രമാണ് മഹാനടി.

സാവിത്രിയായി കീർത്തി സുരേഷ് എത്തുമ്പോൾ ജമിനി ഗണേശനായിട്ടാണ് ദുൽഖർ ചിത്രത്തിൽ എത്തുന്നത്. തെലുങ്ക് സിനിമയുടെ സുവർണ്ണ കാലഘട്ടത്തിൽ ഏറെ കുസൃതികാരിയായ സാവിത്രി പതിനാലാം വയസിലാണ് സിനിമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്‌. ഡയലോഗ് ഡെലിവറി ശരിയാകാത്തതിൽ ആദ്യം സിനിമയിൽനിന്നും തഴയപ്പെടുകയാണ് ഉണ്ടായത്. എന്നാൽ തടസങ്ങളെല്ലാം നീക്കി വളരെ ശക്തമായി സിനിമയിലേക്ക് തിരിച്ചുവന്ന സാവിത്രി തന്റെ പതിനാറാമത്തെ വയസിൽ ജെമിനി ഗണേശന്റെ രണ്ടാം ഭാര്യയായി. അമ്പതുകളിൽ തെന്നിന്ത്യയിലെത്തന്നെ താരറാണിയായ ശോഭിച്ച ഈ മഹാനടി ദേശീയ അവാർഡുകൾ കരസ്ഥമാക്കുമ്പോൾ പോലും ലാളിത്യത്തിന്റെയും ഉദാരതയുടെയും പ്രതീകമായിരുന്നു. സംവിധാനത്തിലൂടെയും സിനിമയിൽ സജീവമായ നടി താൻ നിർമിച്ച ചിത്രങ്ങളിലൂടെ സാമ്പത്തികമായി തകർന്ന് ഭർത്താവിന്റെ വിചിത്ര സ്വഭാവവും ദേഷ്യവും മൂലം മദ്യപാനത്തിന് അടിമയാകേണ്ടിവന്നു. ഈ കാരണങ്ങളാൽ തകർന്ന് കോമാസ്റ്റേജിൽ ഒന്നരവർഷത്തോളം കിടന്ന് നാല്പതാം വയസിൽ മരണമടഞ്ഞ പ്രതിഭാശാലിയായ നടിയുടെ പ്രതിഭയുടെ അസാധാരണമായ ജീവിതകഥകൾ പറഞ്ഞുപോകുന്ന ഒരു പെർഫെക്റ്റ് കഥയും ജീവിതവുമാണ് നാഗ് അശ്വിന്റെ മഹാനടി എന്ന ബയോപിക്.

ജീവചരിത്ര സിനിമകളിൽ കാണുന്ന പതിവ് ശൈലിയിൽ മറ്റ് രണ്ടുപേർ തേടിക്കണ്ടുപിടിക്കുന്ന, അങ്ങിങ്ങാായ് ചിതറിക്കിടക്കുന്ന ഓർമ്മക്കഷണങ്ങളായാണ് മഹാനടിയുടെയും കഥാഗതിയും ആഖ്യാനവും. സാവിത്രി കോമാസ്റ്റേജിൽ ആയിരുന്ന മരിക്കുന്നതിനു തൊട്ടുമുൻപുള്ള കാലഘട്ടത്തിൽ മധുരവാണി എന്ന സബ് എഡിറ്ററും വിജയ് ആന്റണി എന്ന പ്രസ്സ് ഫോട്ടോഗ്രാഫറും ചേർന്ന് തങ്ങളുടെ പത്രത്തിലേക്ക് ഫീച്ചർ ചെയ്യാനായി നടത്തുന്ന അന്വേഷണമായിട്ടാണ് സിനിമ പുരോഗമിക്കുന്നത്. സാമന്തയും വിജയ് ദേവർകൊണ്ടയുമാണ് പ്രസ്തുത ജീവചരിത്രാന്വേഷികളായി വരുന്നത്. തന്റെ സംവിധാനത്തിലൂടെയും സിദ്ധാർഥ് ശിവസാമിയുടെ തിരക്കഥയുടെ പിൻബലത്തിലും മറ്റു ബയോപിക്കുകളെ അപേക്ഷിച്ച് മഹാനടി കൂടുതൽ മികവുറ്റതാക്കാൻ സംവിധായകന് കഴിഞ്ഞു.അവർ എക്കാലത്തെയും അവിസ്മരണീയമായ ഒരു അനുഭവമാക്കി സിനിമയെ മാറ്റിയിരിക്കുന്നു. ഇന്ത്യയിലെ നടിമാരിൽ കീർത്തി സുരേഷിന്റെ സ്ഥാനം കുറച്ചൂകൂടി ഉയരങ്ങളിൽ എത്തുന്ന നിലവാരം പുലർത്തുന്നതാണ് ചിത്രത്തിലെ പ്രകടനം. മഹാനടി എന്ന് തമിഴിലും നടികയിർ തിലകം (പ്രൈഡ് ഓഫ് ആക്ട്രസ്സസ്) എന്ന് തമിഴിലും ആദരവിശേഷണമുള്ള സാവിത്രി എന്ന ഇതിഹാസനടിയുടെ ജീവിതം സ്ക്രീനിൽ അവതരിപ്പിക്കാൻ നാഗ് അശ്വിൻ എന്ന സംവിധായകൻ കീർത്തി സുരേഷിനെ നിയോഗിച്ചത് വെറുതെയായില്ല.എക്‌സന്ററിക് ആയുള്ള സാവിത്രിയായുള്ള പകർന്നാട്ടത്തിനാൽ ഞെട്ടിക്കുകയും വിസ്മയിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്യുന്നു കീർത്തി. ഇത് കീർത്തി സുരേഷ് എന്ന നടിയുടെ ജീവിതത്തിലെ നാഴികകല്ലുതന്നെയാണ്. മഹാനടി സാവിത്രിയുടെ കഥ ആവിഷ്കരിക്കുമ്പോൾ അതിൽ സ്വാഭാവികമായും ഭർത്താവായിരുന്ന ജെമിനി ഗണേശന്റെ സ്ഥാനം നിർണായകമാണല്ലോ. നായകനെന്നോ വില്ലനെന്നോ വേർതിരിച്ച് വിവക്ഷിക്കാനാവാത്ത കാതൽമന്നൻ ജെമിനി ഗണേശന്റെ റോൾ ദുൽക്കർ സൽമാൻ വാക്കുകൾക്കതീതമായി മനോഹരമാക്കിയിരിക്കുന്നു. മാസ് മസാല സിനിമകളിൽ ഹീറോ സെൻട്രിക് ആയ എത്ര റോൾ വേണമെങ്കിലും തെരഞ്ഞെടുക്കാൻ അവസരങ്ങളുണ്ടായിട്ടും തെലുങ്കിൽ അരങ്ങേറാൻ മഹാനടിയുടെ നിഴലിൽ നിൽക്കുന്ന ഭർത്താവ് റോൾ ഏറ്റെടുത്ത ഡിക്യുവിന്റെ സെലക്ഷൻ ബ്രില്യൻസിനെ പരിപൂർണമായും ന്യായീകരിക്കുന്നതാണ് ജെമിനി ഗണേശനായുള്ള തിരജീവിതം.

ഗൗരവസ്വഭാവമുള്ള വേഷങ്ങൾ ഡിക്യുവിന് ഇണങ്ങില്ല എന്ന് ആരോപിയ്ക്കുന്ന വിമർശകർക്കുള്ള മറുപടി കൂടിയണത്. കാതൽ മന്നനും പ്രണയലോലുപനുമായുള്ള നേരങ്ങൾ മാത്രമല്ല പരാജയങ്ങൾ ഏറ്റ് വാങ്ങുമ്പോഴും ഭാര്യ തന്നെക്കാൾ പ്രശസ്തിയിലേക്ക് കേറുമ്പോഴുള്ള വിചിത്ര വികാരങ്ങളിലുമെല്ലാമുള്ള ഡിക്യുവിന്റെ “അമ്മാടീ..” വിളി തിയേറ്റർ വിട്ടും കൂടെ പോരും. അൻപതുകളിലെയും അറുപതുകളിലെയും തെലുങ്ക് സിനിമാ ഉലകം കാണിക്കുമ്പോൾ സാവിത്രിയ്ക്കും ജെമിനി ഗണേശനും ഒപ്പം അക്കാലത്തെ പ്രശസ്ത നടന്മാരെയും പിന്നണിക്കാരെയുമൊക്കെ സ്ക്രീനിൽ കൊണ്ടുവരേണ്ടത് സ്വാഭാവികമാണല്ലോ. അക്കിനേനി നാഗേശ്വരറാവു ആയി വരുന്നത് അദ്ദേഹത്തിന്റെ ഗ്രാന്റ് സൺ നാഗചൈതന്യ ആണ്. സാവിത്രിക്കൊപ്പമുള്ള കുസൃതിയുള്ള നേരങ്ങൾ ചൈതന്യയുടെ ഇതുവരെയുള്ളതിൽ ബെസ്റ്റായി തോന്നി. തെലുങ്ക് ജനതയുടെ കൺകണ്ട ദൈവം നന്ദമൂരി താരക് രാമറാവു സീനിയറിന്റെ വടിത്തല്ലിനെ കമ്പ്യൂട്ടർ ഗ്രാഫിക്സിലൂടെ ആണ് പുന:സൃഷ്ടിച്ചിരിക്കുന്നത്. ചക്രപാണി എന്ന പ്രൊഡൂസറായി പ്രകാശ് രാജുമുണ്ട്. പ്രകടനത്തിൽ എടുത്തു പറയേണ്ട ഒരുപേര് മോഹൻ ബാബുവിന്റെതാണ്. സാവിത്രിയുടെ അമ്മാവൻ ഹരികഥാകലാകാരനായി അദ്ദേഹം ജീവിച്ചുകാട്ടി. ഇതിനോടൊപ്പം കാലഘട്ടത്തിനൊപ്പം സഞ്ചരിക്കുന്ന ക്യാമറയാണ്. ജീവിതത്തിന്റെ ഓരോ അണുവിടതെറ്റാതെ ഒപ്പീയെടുക്കാൻ കഴിഞ്ഞു എന്നുള്ളതാണ് ഡാനി സാഞ്ചസ് ലോപ്പസിന്റെ വിജയം. പ്രേക്ഷകശ്രദ്ധ ഏറെ ആകർഷിച്ച സന്ദർഭോനുചിതമായ ഗാനങ്ങൾ മിക്കി ജെ മേയറാണ് ഒരുക്കിയിരിക്കുന്നത്. മൂന്നുമണിക്കൂറോളം ദൈർഘ്യമുണ്ടെങ്കിലും മഹാനടി എവിടെയും ബോറിംഗ് ആയി തോന്നിയില്ല. ഏറ്റെടുത്ത ഉദ്യമത്തിനോടുള്ള സംവിധായകന്റെ നൂറുശതമാനം ആത്മാർത്ഥത തന്നെ കാരണം. ക്യാമറയും സംഗീതവും ബാക്ക് ഗ്രൗണ്ട് സ്കോറും എഡിറ്റിംഗുമെല്ലാം സിങ്കായി കിടക്കുന്ന മഹാനടി ബയോപിക്ക് എന്നതിലുപരി കുടുംബത്തോടൊപ്പം ആസ്വദിക്കാൻ ഒരു നല്ല സിനിമാനുഭവം കൂടിയാണ്.

Share.

About Author

Leave A Reply

%d bloggers like this: