Saturday, July 21

ഇത് കുട്ടികൾ മാറ്റിമറിക്കുവാൻ പോകുന്ന ലോകം | പോലീസ് ജൂനിയർ റിവ്യൂ

Google+ Pinterest LinkedIn Tumblr +

“കുട്ടികളെ കൊണ്ട് എന്ത് ചെയ്യാൻ കഴിയും?” തികച്ചും ന്യായമായ ഒരു ചോദ്യം. പക്ഷെ അവർക്ക് പലതും ചെയ്യാൻ കഴിയും. അതിനുള്ള ഒരു തെളിവാണ് പോലീസ് ജൂനിയർ എന്ന ചിത്രം. മിടുക്കരും ധൈര്യശാലികളുമായ നാല് സ്റ്റുഡന്റ് കേഡറ്റ്സിനൊപ്പം ഒരു പോലീസ് ഓഫീസർ നടത്തുന്ന കുറ്റാന്വേഷണം. കേരളാപോലീസിന്റെ സഹകരണത്തോടെ കേരളത്തിലെ ഗവണ്മെന്റ് സ്‌കൂളുകളിൽ നടപ്പാക്കി വരുന്ന ഒരു പദ്ധതിയാണ് സ്റ്റുഡന്റസ് പോലീസ് കേഡറ്റ്. ഇന്നത്തെ സമൂഹത്തിൽ നടക്കുന്ന അനീതികൾക്കും അക്രമങ്ങൾക്കും എതിരെ പ്രതികരിക്കാനാകാതെ തരിച്ച് നിൽക്കുന്ന പുതിയ തലമുറയെ ഉണർത്താനും നന്മക്കായി പോരാടാനും ഊർജം നൽകുന്ന ഒരു പദ്ധതിയാണിത്. ആദ്യമായി അത്തരത്തിൽ ഉള്ള സ്റ്റുഡന്റസ് കേഡറ്റുകൾ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം കൂടിയാണ് കേരളാപോലീസിന്റെ സഹകരണത്തോട് കൂടി അണിയിച്ചൊരുക്കിയിരിക്കുന്ന പോലീസ് ജൂനിയർ.

Police Junior Malayalam Movie Review
Police Junior Malayalam Movie Review

ഒരു പോലീസുക്കാരൻ ആകണമെന്നാണ് ആദികൃഷ്ണ എന്ന എന്ന കൊച്ചുപയ്യന്റെ സ്വപ്നം. ഇടത്തരം കുടുംബത്തിൽ നിന്നുമുള്ള ആ മിടുക്കന് ഒരിക്കൽ സ്‌കൂളിലേക്ക് വരുമ്പോൾ സാം എന്നൊരു യുവാവിന്റെ ബൈക്കിൽ ലിഫ്റ്റ് ലഭിക്കുന്നു. സാമിൽ നിന്നും അവന് ലഭിച്ച കുറച്ചു പൊതികളിൽ മയക്കുമരുന്നാണെന്ന് ടീച്ചർ മനസ്സിലാക്കുകയും പോലീസുകാർ എത്തി കൂടുതൽ അന്വേഷണം നടത്തുകയും ചെയ്യുന്നു. ആരുമറിയാതെ അതിൽ നിന്നും മയക്കുമരുന്ന് മോഷ്ടിച്ച ഒരു കുട്ടി അത് കഴിക്കുകയും മരണമടയുകയും ചെയ്യുന്നു. ഇത് അന്വേഷിക്കാനായി ഇൻസ്‌പെക്ടർ സായ്‌റാം എത്തുന്നു. പിന്നീട് നടക്കുന്ന ഉദ്വെഗജനകമായ നിമിഷങ്ങളാണ് പോലീസ് ജൂനിയറിന്റെ ഇതിവൃത്തം. മിനിസ്‌ക്രീനിൽ ഏറെ പ്രശസ്‌തി നേടിയ കുങ്കുമപ്പൂവ് എന്ന സീരിയലിൽ രുദ്രൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഷാനവാസാണ് ചിത്രത്തിലെ നായകനായ ഇൻസ്‌പെക്ടർ സായ്‌റാമിനെ അവതരിപ്പിക്കുന്നത്. ആകാരഭംഗി കൊണ്ടും അഭിനയം കൊണ്ടും ഒരു പക്കാ പോലീസ് ഓഫീസറുടെ പ്രകടനം തന്നെയാണ് ഷാനവാസ് തിരശീലയിൽ തീർത്തിരിക്കുന്നത്. എസ് പി കിരൺദാസ് എന്ന ശക്തമായ കഥാപാത്രവുമായി നരേനും ചിത്രത്തിൽ എത്തുന്നുണ്ട്. മയക്കുമരുന്ന് മാഫിയയുമായി ഏറ്റുമുട്ടുന്ന കേഡറ്റുകളായി അഭിനയിക്കുന്ന വിസ്‌മയ, അഭിനന്ദ്, ആദർശ്, ലക്ഷ്‌മി എന്നിവർ നാളത്തെ താരങ്ങളാണ് തങ്ങളെന്ന് തെളിയിച്ചിരിക്കുകയാണ്. റോഷ്‌നി മധു, സുരഭി, ശശി അയ്യഞ്ചിറ, ശിവജി ഗുരുവായൂർ, വീണ നായർ, അനീസ് ബാബു, സിദ്ദു ആർ പിള്ള എന്നിങ്ങനെ എല്ലാ താരങ്ങളും അവരുടെ കഥാപാത്രങ്ങളെ മനോഹരമാക്കുകയും ചെയ്തിട്ടുണ്ട്.

Police Junior Malayalam Movie Review
Police Junior Malayalam Movie Review

കേരളത്തിലെ സ്റ്റുഡന്റസ് പോലീസ് കേഡറ്റുകളുടെ അഭിമാനമുയർത്തുന്ന രീതിയിലുള്ള ഒരു ചിത്രം തന്നെയാണ് പോലീസ് ജൂനിയർ. സംവിധായകൻ സുരേഷ് ശങ്കർ തന്നെയാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സ്‌കൂൾ കുട്ടികളുടെ പ്രശ്‌നങ്ങൾ, പോലീസുകാർ നേരിടുന്ന ശാരീരികവും മാനസികവുമായ വേദനകൾ എന്നിവയെല്ലാം ചിത്രത്തിൽ പ്രതിപാദിക്കുന്നുണ്ട്. നർമത്തിന്റെയും ത്രില്ലറിന്റെയും കിടിലൻ ആക്ഷൻ രംഗങ്ങളുടെയും പിൻബലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ നിർമാണം ഇഷ്‌ണ മൂവീസിന്റെ ബാനറിൽ പത്മനാഭൻ ചോംകുളങ്ങരയാണ്. ശശി രാമകൃഷ്ണയുടെ ക്യാമറ വർക്കുകളും മനോഹരമാണ്. ഷൈൻ ഇസൈയുടേതാണ് സംഗീതം. പി സി മോഹനൻ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നു. എല്ലാ തലമുറയിൽ പെട്ടവർക്കും നിരവധി സന്ദേശങ്ങൾ പകരുന്ന ചിത്രം തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രങ്ങളിൽ ഒന്നാണ്.

Share.

About Author

Leave A Reply

%d bloggers like this: